തോഴീ, നിന്‍ മയില്‍പ്പീലിത്താള്‍ …

അന്തരാത്മാവിന്‍റെ പുളകാങ്കുരങ്ങളില്‍

ചിന്തുമീ രാവിന്‍റെ ശ്വേതബിന്ദുക്കളില്‍

കണ്ണടച്ചെന്തിനിരിക്കണം നാം തോഴീ?

വിണ്ണ്‍ മണ്ണിന്‍ മനക്കണ്ണിലലിയവേ,

തപ്താശ്രുബിന്ദുക്കള്‍ മൂടി,

വിശ്വവാതായനത്തിനപ്പുറം മങ്ങി,

കണ്‍കളില്‍ കണ്ടീലയെന്നതോ മഹാഭാഗ്യം!

ഓര്‍മക്കുറിപ്പിന്‍ താളുകള്‍ കീറി

കളിയോടമാകീ കിടാങ്ങള്‍,

മാനം കറുത്തു സംഗീതമായ് പൊഴിയും

മഴയില്‍ പതഞ്ഞൊഴുകുന്നു പിന്നെയും…

 

പിന്നെ പിണങ്ങാം നമുക്കു തോഴീ,

അല്ലെങ്കില്‍,

മുന്നില്‍ നിന്നീ നിലാവസ്തമിച്ചെങ്കിലോ?

Advertisements

എന്റെ തിരിച്ചറിയല്‍ രേഖ…

ജീവിതത്തിലെ ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ കാലഘട്ടത്തിലാണ് ഞാന്‍ ഇപ്പോള്‍… ശൈശവത്തില്‍ നിന്ന് രണ്ടാം ശൈശവത്തിലേക്കുള്ള പാതയുടെ നടുവില്‍. എവിടെയ്ക്കും എത്തിപ്പിടിക്കാവുന്ന മനസ്സും ചിന്തയും… ബാല്യവും വാര്‍ധക്യവും വലതും ഇടതുമായ്‌ രണ്ടു കൈത്തുമ്പില്‍. “ചൊട്ട മുതല്‍ ചുടല വരെ” എന്ന് പറയപ്പെടുന്ന ശീലം മനുഷ്യന് ജീവിക്കുക എന്നതാണ്.ആ ജീവിതത്തെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുംതോറും സ്വന്തം ആവരണം കുടഞ്ഞു വീഴ്ത്താന്‍ ഏതൊരു മനുഷ്യനും ആഗ്രഹിക്കും. ഒരു ഘട്ടത്തില്‍, നമ്മള്‍ കുടുംബത്തില്‍ എന്താണെന്നോ, ജോലിയില്‍ എന്താണെന്നോ ഒക്കെ മറന്ന് സ്വയം തിരിച്ചറിയുന്നതിനായുള്ള ഒരാഗ്രഹം നമ്മളില്‍ എങ്ങനെയോ വരും. അപ്പോള്‍ സ്വന്തം തിരിച്ചറിയല്‍ രേഖ നോക്കി, പേരും വീടും ബന്ധവും ഒക്കെ നോക്കുമ്പോള്‍ അതിനേക്കാള്‍ അപ്പുറം നില്‍ക്കുന്ന അസ്തിത്വം മനുഷ്യന്റെ മൂഡതയോര്‍ത്ത് ചിരിക്കുന്നത് നമുക്ക് കേള്‍ക്കാം. ചില തിരിച്ചറിവുകള്‍ ജീവിതത്തില്‍ അനിവാര്യമാണ്. വായനയിലൂടെയും, എഴുത്തിലൂടെയും ഞാന്‍ എത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നതും അതാണ്‌. ബ്ലോഗ്‌ എന്ന ലോകം തുറക്കുമ്പോഴും ലക്‌ഷ്യം മറ്റൊന്നല്ല. എന്റെ ഏറ്റവും മൂഡതയാര്‍ന്ന വാക്കുകള്‍ മുതല്‍ ഏറ്റവും ബുധിപരമായതെന്നു ഞാന്‍ സ്വയം തെറ്റിദ്ധരിക്കുന്ന വാക്കുകള്‍ വരെ ചേര്‍ത്ത് വയ്ക്കുന്നു ഇവിടെ… എന്റെ തിരിച്ചറിയല്‍ രേഖയുടെ ഒരു ഭാഗം ഇതാവട്ടെ.